← Psalms (42/150) → |
1. | മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. |
2. | എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും. |
3. | നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു. |
4. | ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു. |
5. | എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും. |
6. | എന്റെ ദൈവമേ, എന്റെ ആത്മാവു എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻ പർവ്വതങ്ങളിലും മിസാർമലയിലുംവെച്ചു ഞാൻ നിന്നെ ഓർക്കുന്നു; |
7. | നിന്റെ നീർച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു. |
8. | യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ. |
9. | നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും. |
10. | നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു. |
11. | എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും. |
← Psalms (42/150) → |