← Psalms (37/150) → |
1. | ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു. |
2. | അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. |
3. | യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക; |
4. | അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. |
5. | നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും. |
6. | അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. |
7. | യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു. |
8. | കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു. |
9. | ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. |
10. | കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. |
11. | എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. |
12. | ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു. |
13. | കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു. |
15. | അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. |
16. | അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു. |
17. | ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. |
18. | യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. |
19. | ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും, |
20. | എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. |
21. | ദുഷ്ടൻ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു. |
22. | അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. |
23. | ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. |
24. | അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. |
25. | ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. |
26. | അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. |
27. | ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും. |
28. | യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. |
29. | നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; |
30. | നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു. |
31. | തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല. |
32. | ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു. |
33. | യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റംവിധിക്കയുമില്ല. |
34. | യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും. |
35. | ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു. |
36. | ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. |
37. | നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും. |
38. | എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും. |
39. | നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു. |
40. | യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു. |
← Psalms (37/150) → |