← Psalms (147/150) → |
1. | യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ. |
2. | യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. |
3. | മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. |
4. | അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. |
5. | നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല. |
6. | യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു. |
7. | സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീർത്തനം ചെയ്വിൻ; |
8. | അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു. |
9. | അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു. |
10. | അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല. |
11. | തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. |
12. | യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക; |
13. | അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. |
14. | അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു. |
15. | അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു. |
16. | അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു. |
17. | അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ? |
18. | അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു. |
19. | അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. |
20. | അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ. |
← Psalms (147/150) → |