← Psalms (145/150) → |
1. | എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. |
2. | നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. |
3. | യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ. |
4. | തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും. |
5. | നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും. |
6. | മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാൻ നിന്റെ മഹിമയെ വർണ്ണിക്കും. |
7. | അവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും. |
8. | യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. |
9. | യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു. |
10. | യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും. |
11. | മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു |
12. | അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും. |
13. | നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. |
14. | വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു. |
15. | എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു. |
16. | നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു. |
17. | യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. |
18. | യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. |
19. | തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും. |
20. | യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും; |
21. | എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ. |
← Psalms (145/150) → |