← Psalms (135/150) → |
1. | യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ. |
2. | യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, |
3. | യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിന്നു കീർത്തനം ചെയ്‍വിൻ; അതു മനോഹരമല്ലോ. |
4. | യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു. |
5. | യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. |
6. | ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. |
7. | അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു. |
8. | അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു. |
9. | മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. |
10. | അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. |
11. | അമോർയ്യരുടെ രാജാവായ സീഹോനെയും ബാശാൻ രാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ. |
12. | അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു. |
13. | യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. |
14. | യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും. |
15. | ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു. |
16. | അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല; |
17. | അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. |
18. | അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. |
19. | യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക. |
20. | ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ. |
21. | യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ. |
← Psalms (135/150) → |