← Psalms (119/150) → |
1. | യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. |
2. | അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. |
3. | അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നേ നടക്കുന്നു. |
4. | നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു. |
5. | നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു. |
6. | നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല. |
7. | നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും. |
8. | ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. |
9. | ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ. |
10. | ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ. |
11. | ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. |
12. | യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ. |
13. | ഞാൻ എന്റെ അധരങ്ങൾകൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു. |
14. | ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. |
15. | ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു. |
16. | ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. |
17. | ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും. |
18. | നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ. |
19. | ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ. |
20. | നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു. |
21. | നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു. |
22. | നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു. |
23. | പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു. |
24. | നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. |
25. | എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. |
26. | എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. |
27. | നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും. |
28. | എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ. |
29. | ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ. |
30. | വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു. |
31. | ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. |
32. | നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. |
33. | യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. |
34. | ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ. |
35. | നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ. |
36. | ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ. |
37. | വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. |
38. | നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ. |
39. | ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ. |
40. | ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. |
41. | യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ. |
42. | ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും. |
43. | ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ. |
44. | അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. |
45. | നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും. |
46. | ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. |
47. | ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു. |
48. | എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു. |
49. | നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ. |
50. | നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു. |
51. | അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല. |
52. | യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നെ ആശ്വസിപ്പിക്കുന്നു. |
53. | നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു. |
54. | ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. |
55. | യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. |
56. | ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു. |
57. | യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. |
58. | പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. |
59. | ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. |
60. | നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; |
61. | ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും. |
62. | നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും. |
63. | നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു. |
64. | യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. |
65. | യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു. |
66. | നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ. |
67. | കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു. |
68. | നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. |
69. | അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. |
70. | അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. |
71. | നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി. |
72. | ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. |
73. | തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. |
74. | തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. |
75. | യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. |
76. | അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ. |
77. | ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു. |
78. | അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു. |
79. | നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ. |
80. | ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. |
81. | ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. |
82. | എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു. |
83. | പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. |
84. | അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും? |
85. | നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. |
86. | നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ. |
87. | അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും. |
88. | നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും. |
89. | യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. |
90. | നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു. |
91. | അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ. |
92. | നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. |
93. | ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു. |
94. | ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു. |
95. | ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും. |
96. | സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു. |
97. | നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു. |
98. | നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു. |
99. | നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു. |
100. | നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു. |
101. | നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകലദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു. |
102. | നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. |
103. | തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു. |
104. | നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. |
105. | നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. |
106. | നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. |
107. | ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. |
108. | യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ. |
109. | ഞാൻ പ്രാണത്യാഗം ചെയ്‍വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. |
110. | ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. |
111. | ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. |
112. | നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. |
113. | ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. |
114. | നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു. |
115. | എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ. |
116. | ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. |
117. | ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും. |
118. | നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. |
119. | ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു. |
120. | നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. |
121. | ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്കു എന്നെ ഏല്പിച്ചുകൊടുക്കരുതേ. |
122. | അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. |
123. | എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു. |
124. | നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. |
125. | ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. |
126. | യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. |
127. | അതുകൊണ്ടു നിന്റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. |
128. | ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകല വ്യാജമാർഗ്ഗത്തേയും വെറുക്കുന്നു. |
129. | നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു. |
130. | നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. |
131. | നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു. |
132. | തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ. |
133. | എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. |
134. | മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. |
135. | അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. |
136. | അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു. |
137. | യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നേ. |
138. | നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. |
139. | എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു. |
140. | നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു. |
141. | ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല. |
142. | നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു. |
143. | കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു. |
144. | നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ. |
145. | ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും. |
146. | ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും. |
147. | ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു. |
148. | തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. |
149. | നിന്റെ ദയക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. |
150. | ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവർ അകന്നിരിക്കുന്നു. |
151. | യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ. |
152. | നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാൻ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു. |
153. | എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല. |
154. | എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. |
155. | രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ. |
156. | യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. |
157. | എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല. |
158. | ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ. |
159. | നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ. |
160. | നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ. |
161. | പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു. |
162. | വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. |
163. | ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു. |
164. | നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. |
165. | നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല. |
166. | യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു. |
167. | എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു. |
168. | ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു. |
169. | യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ. |
170. | എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. |
171. | നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. |
172. | നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ. |
173. | നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ. |
174. | യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. |
175. | നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ. |
176. | കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല. |
← Psalms (119/150) → |