← Psalms (115/150) → |
1. | ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ. |
2. | അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു? |
3. | നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു. |
4. | അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ. |
5. | അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. |
6. | അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. |
7. | അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. |
8. | അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. |
9. | യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; |
10. | അഹരോൻ ഗൃഹമേ, യഹോവയിൽ ആശ്രയിക്ക. അവൻ അവരുടെ സഹായവും പരിചയും ആകുന്നു. |
11. | യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. |
12. | യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും. |
13. | അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. |
14. | യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ. |
15. | ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. |
16. | സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു. |
17. | മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല, |
18. | നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ. |
← Psalms (115/150) → |