← Proverbs (28/31) → |
1. | ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു. |
2. | ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു. |
3. | അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു. |
4. | ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു. |
5. | ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു. |
6. | തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. |
7. | ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്കു സഖിയായവനോ അപ്പനെ അപമാനിക്കുന്നു. |
8. | പലിശയും ലാഭവും വാങ്ങി സമ്പത്തു വർദ്ധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു. |
9. | ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു. |
10. | നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്കു തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും. |
11. | ധനവാൻ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു. |
12. | നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം; ദുഷ്ടന്മാർ ഉയർന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു. |
13. | തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും. |
14. | എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർത്ഥത്തിൽ അകപ്പെടും. |
15. | അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ. |
16. | ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും. |
17. | രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു. |
18. | നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും. |
19. | നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും. |
20. | വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല. |
21. | മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യൻ അന്യായം ചെയ്യും. |
22. | കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല. |
23. | ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും. |
24. | അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി. |
25. | അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും. |
26. | സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും. |
27. | ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും. |
28. | ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു; അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർദ്ധിക്കുന്നു. |
← Proverbs (28/31) → |