← Proverbs (22/31) → |
1. | അനവധിസമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു. |
2. | ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ. |
3. | വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു. |
4. | താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു. |
5. | വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ. |
6. | ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. |
7. | ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ. |
8. | നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും. |
9. | ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ. |
10. | പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും. |
11. | ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ. |
12. | യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു. |
13. | വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു. |
14. | പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. |
15. | ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും. |
16. | ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും. |
17. | ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക. |
18. | അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം. |
19. | നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു. |
20. | നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ |
21. | ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ. |
22. | എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതിൽക്കൽവെച്ചു പീഡിപ്പിക്കയും അരുതു. |
23. | യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. |
24. | കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു. |
25. | നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു. |
26. | നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു. |
27. | വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു? |
28. | നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു. |
29. | പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നിൽക്കയില്ല. |
← Proverbs (22/31) → |