← Numbers (16/36) → |
1. | എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻ ഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ |
2. | യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു. |
3. | അവൻ മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടു: മതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു? എന്നു പറഞ്ഞു. |
4. | ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു. |
5. | അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതു: നാളെ രാവിലെ യഹോവ തനിക്കുള്ളവർ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും. |
6. | കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്വിൻ: |
7. | ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നേ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി! |
8. | പിന്നെ മോശെ കോരഹിനോടു പറഞ്ഞതു: ലേവിപുത്രന്മാരേ, കേൾപ്പിൻ. |
9. | യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങൾക്കു പോരായോ? |
10. | അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൌരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ? |
11. | ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാർ ഒക്കെയും യഹോവെക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുപ്പാൻ തക്കവണ്ണം അവൻ എന്തുമാത്രമുള്ളു? |
12. | പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാൻ ആളയച്ചു; അതിന്നു അവർ: |
13. | ഞങ്ങൾ വരികയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങൾക്കു അധിപതിയും ആക്കുന്നുവോ? |
14. | അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു. |
15. | അപ്പോൾ മോശെ ഏറ്റവും കോപിച്ചു അവൻ യഹോവയോടു: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു. |
16. | മോശെ കോരഹനോടു: നീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ. |
17. | നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു അവയിൽ ധൂപവർഗ്ഗം ഇട്ടു ഒരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു. |
18. | അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതിൽ ധൂപവർഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽനിന്നു. |
19. | കോരഹ് അവർക്കു വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സു സർവ്വസഭെക്കും പ്രത്യക്ഷമായി. |
20. | യഹോവ മോശെയോടും അഹരോനോടും: |
21. | ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു. |
22. | അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു. |
23. | അതിന്നു യഹോവ മോശെയോടു: |
24. | കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു. |
25. | മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു. |
26. | അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു. |
27. | അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽനിന്നു. |
28. | അപ്പോൾ മോശെ പറഞ്ഞതു: ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: |
29. | സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. |
30. | എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ് പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും. |
31. | അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. |
32. | ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. |
33. | അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു. |
34. | അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഓടിപ്പോയി. |
35. | അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു. |
36. | യഹോവ മോശെയോടു അരുളിച്ചെയ്തതു: |
37. | പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടു അവൻ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങൾ എടുപ്പാൻ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക; |
38. | പാപം ചെയ്തു തങ്ങൾക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം, പൊതിവാൻ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്കു അതു ഒരു അടയാളമായിരിക്കട്ടെ. |
39. | വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്തു |
40. | അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേൽ മക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ. |
41. | പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. |
42. | ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോൾ അവർ സമാഗമനകൂടാരത്തിന്റെ നേരെ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു. |
43. | അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു. |
44. | യഹോവ മോശെയോടു: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; |
45. | ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. |
46. | മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. |
47. | മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്കു ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു, |
48. | മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. |
49. | കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തെഴുനൂറുപേർ ആയിരുന്നു |
50. | പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി. |
← Numbers (16/36) → |