← Matthew (27/28) → |
1. | പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, |
2. | അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. |
3. | അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: |
4. | ഞാൻ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു. |
5. | അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു. |
6. | മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു, |
7. | പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി. |
8. | ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. |
9. | “യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു, |
10. | കർത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു.. |
11. | എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു |
12. | മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല. |
13. | പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു. |
14. | അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. |
15. | എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു. |
16. | അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു. |
17. | അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു. |
18. | അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു. |
19. | അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. |
20. | എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു. |
21. | നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു. |
22. | പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. |
23. | അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു. |
24. | ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. |
25. | അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. |
26. | അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു. |
27. | അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി, |
28. | അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു. |
29. | മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു. |
30. | പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു. |
31. | അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി. |
32. | അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു. |
33. | തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു; |
34. | അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല. |
35. | അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു, |
36. | അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു. |
37. | യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു. |
38. | വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു. |
39. | കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു: |
40. | മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു. |
41. | അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു: |
42. | ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. |
43. | അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു. |
44. | അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു. |
45. | ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. |
46. | ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം. |
47. | അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. |
48. | ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു. |
49. | ശേഷമുള്ളവർ: നിൽക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. |
50. | യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. |
51. | അപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; |
52. | ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു |
53. | അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. |
54. | ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവ പുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. |
55. | ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. |
56. | അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു. |
57. | സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു, |
58. | പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. |
59. | യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു, |
60. | താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി. |
61. | കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു. |
62. | ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി: |
63. | യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു. |
64. | അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു. |
65. | പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു. |
66. | അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി. |
← Matthew (27/28) → |