← Matthew (25/28) → |
1. | “സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും. |
2. | അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. |
3. | ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല. |
4. | ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. |
5. | പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി. |
6. | അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി. |
7. | അപ്പോൾ കന്യകമാർ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു. |
8. | എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു. |
9. | ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു. |
10. | അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു. |
11. | അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു. |
12. | അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. |
13. | ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. |
14. | ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു. |
15. | ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു. |
16. | അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. |
17. | അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി. |
18. | ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു. |
19. | വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു. |
20. | അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. |
21. | അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. |
22. | രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. |
23. | അതിന്നു യജമാനൻ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. |
24. | ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു |
25. | ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു. |
26. | അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. |
27. | നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. |
28. | ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ. |
29. | അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും. |
30. | എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. |
31. | മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. |
32. | സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, |
33. | ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. |
34. | രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. |
35. | എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; |
36. | നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. |
37. | അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? |
38. | ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? |
39. | നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. |
40. | രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. |
41. | പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. |
42. | എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. |
43. | അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. |
44. | അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: |
45. | ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. |
46. | ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.” |
← Matthew (25/28) → |