← Mark (6/16) → |
1. | അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു. |
2. | ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? |
3. | ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. |
4. | യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു. |
5. | ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല. |
6. | അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു. |
7. | അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു. |
8. | അവർ വഴിക്കു “വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം; |
9. | രണ്ടു വസ്ത്രം ധരിക്കരുതു” എന്നിങ്ങനെ അവരോടു കല്പിച്ചു. |
10. | നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാർപ്പിൻ. |
11. | ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ” എന്നും അവരോടു പറഞ്ഞു. |
12. | അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; |
13. | വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു. |
14. | ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു. |
15. | അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു. |
16. | അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു. |
17. | ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു. |
18. | സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു. |
19. | ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും. |
20. | യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു. |
21. | എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു. |
22. | ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു. |
23. | എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു. |
24. | അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു. |
25. | ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു. |
26. | രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു. |
27. | ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു. |
28. | അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു. |
29. | അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു. |
30. | പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. |
31. | വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാമ്പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ” എന്നു പറഞ്ഞു. |
32. | അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി. |
33. | അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവർക്കു മുമ്പെ എത്തി. |
34. | അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി. |
35. | പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജ്ജനപ്രദേശം അല്ലോ; |
36. | നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടിലുകളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. |
37. | അവൻ അവരോടു: “നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ" എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവർക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു. |
38. | അവൻ അവരോടു: “നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ ” എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു. |
39. | പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. |
40. | അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. |
41. | അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. |
42. | എല്ലാവരും തിന്നു തൃപ്തരായി. |
43. | കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. |
44. | അപ്പം തിന്നവരോ അയ്യായിരം പുരുഷാന്മാർ ആയിരുന്നു. |
45. | താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു. |
46. | അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി. |
47. | വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു. |
48. | കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു. |
49. | അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു. |
50. | എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; “ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. |
51. | പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു. |
52. | അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല. |
53. | അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു. |
54. | അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു. |
55. | ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി. |
56. | ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു. |
← Mark (6/16) → |