← Mark (3/16) → |
1. | അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ടകയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. |
2. | അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. |
3. | വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: “നടുവിൽ എഴുന്നേറ്റു നിൽക്ക” എന്നു പറഞ്ഞു. |
4. | പിന്നെ അവരോടു: “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. |
5. | അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി. |
6. | ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു. |
7. | യേശു ശിഷ്യന്മാരുമായി കടൽക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു; |
8. | യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു. |
9. | പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. |
10. | അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. |
11. | അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. |
12. | തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു. |
13. | പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു. |
14. | അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും |
15. | ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു; |
16. | ശിമോന്നു പത്രൊസ് എന്നു പേരിട്ടു; |
17. | സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു — |
18. | അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ, |
19. | തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോർത്ത് യൂദാ എന്നിവരെ തന്നേ. |
20. | അവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു. |
21. | അവന്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു. |
22. | യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. |
23. | അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: “സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? |
24. | ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. |
25. | ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല. |
26. | സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. |
27. | ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. |
28. | മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; |
29. | പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. |
30. | അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു. |
31. | അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാൻ ആളയച്ചു. |
32. | പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു: |
33. | “എന്റെ അമ്മയും സഹോദരന്മാരും ആർ ” എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു: |
34. | “എന്റെ അമ്മയും സഹോദരന്മാരും ഇതാ. |
35. | ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. |
← Mark (3/16) → |