← Mark (14/16) → |
1. | രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു: |
2. | ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു. |
3. | അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു. |
4. | അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു? |
5. | ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു. |
6. | എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു. |
7. | ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മചെയ്‍വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല. |
8. | അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു. |
9. | സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. |
10. | പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു. |
11. | അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു. |
12. | പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. |
13. | അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. |
14. | അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. |
15. | അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു. |
16. | ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. |
17. | സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു. |
18. | അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. |
19. | അവർ ദുഃഖിച്ചു, ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി. |
20. | അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ. |
21. | മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു. |
22. | അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. |
23. | പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു; |
24. | ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം. |
25. | മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു. |
26. | പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവുമലക്കു പോയി. |
27. | യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ. |
28. | എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു. |
29. | പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു. |
30. | യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. |
31. | അവനോ: നീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു. |
32. | അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. |
33. | പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി: |
34. | എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. |
35. | പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു: |
36. | അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. |
37. | പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? |
38. | പരീക്ഷയിൽ അകപ്പെടായ്‍വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. |
39. | അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. |
40. | മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല; |
41. | അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു. |
42. | എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. |
43. | ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. |
44. | അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. |
45. | അവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു. |
46. | അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു. |
47. | അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു. |
48. | യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ? |
49. | ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. |
50. | ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. |
51. | ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. |
52. | അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി. |
53. | അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു. |
54. | പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു. |
55. | മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. |
56. | അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. |
57. | ചിലർ എഴുന്നേറ്റു അവന്റെ നേരെ: |
58. | ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. |
59. | എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. |
60. | മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. |
61. | അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. |
62. | ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. |
63. | അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: |
64. | ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു. |
65. | ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു. |
66. | പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, |
67. | പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. |
68. | നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. |
69. | ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. |
70. | കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. |
71. | നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. |
72. | ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു. |
← Mark (14/16) → |