← Job (17/42) → |
1. | എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു. |
2. | എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു. |
3. | നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു? |
4. | ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല. |
5. | ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും. |
6. | അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു. |
7. | ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ. |
8. | നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും. |
9. | നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും. |
10. | എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല. |
11. | എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗംവന്നു. |
12. | അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ. |
13. | ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. |
14. | ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു. |
15. | അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും? |
16. | അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും. |
← Job (17/42) → |