← Jeremiah (24/52) → |
1. | ബാബേൽരാജാവായ നെബൂഖദുനേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻ മുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു. |
2. | ഒരു കൊട്ടയിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയിൽ എത്രയും ആകാത്തതും തിന്മാൻ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു. |
3. | യഹോവ എന്നോടു: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാൻ: അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു. |
4. | അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
5. | യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാൻ വിചാരിക്കും. |
6. | ഞാൻ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേൽവെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാൻ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല. |
7. | ഞാൻ യഹോവ എന്നു എന്നെ അറിവാൻ തക്കഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായുമിരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും. |
8. | എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു. |
9. | ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും ഞാൻ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും. |
10. | ഞാൻ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തുനിന്നു അവർ നശിച്ചുപോകുംവരെ ഞാൻ അവരുടെ ഇടയിൽ വാളും ക്ഷാമവും മഹാമാരിയും അയക്കും. |
← Jeremiah (24/52) → |