Isaiah (50/66)  

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.
2. ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിപ്പാനും ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാൻ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാൻ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.
3. ഞാൻ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതെപ്പിക്കയും ചെയ്യുന്നു.
4. തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു
5. യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല.
6. അടിക്കുന്നവർക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്കു, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
7. യഹോവയായ കർത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു.
8. എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആർ? അവൻ ഇങ്ങുവരട്ടെ.
9. ഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.
10. നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ചു തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.
11. ഹാ, തീ കത്തിച്ചു തീയമ്പുകൾ അരെക്കു കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിൻ; എന്റെ കയ്യാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.

  Isaiah (50/66)