← Isaiah (32/66) → |
1. | ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. |
2. | ഓരോരുത്തൻ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും. |
3. | കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും. |
4. | അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും. |
5. | ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല. |
6. | ഭോഷൻ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവെക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും. |
7. | ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു. |
8. | ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു. |
9. | സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേൾപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിൻ. |
10. | ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല. |
11. | സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ; അരയിൽ രട്ടു കെട്ടുവിൻ. |
12. | മനോഹരമായ വയലുകളേയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയേയും ഓർത്തു അവർ മാറത്തു അടിക്കും. |
13. | എന്റെ ജനത്തിന്റെ ദേശത്തു ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളെക്കും. |
14. | അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻ കൂട്ടങ്ങളുടെ മേച്ചൽപുറവും ആയിരിക്കും. |
15. | ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും. |
16. | അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും. |
17. | നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും. |
18. | എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും. |
19. | എന്നാൽ വനത്തിന്റെ വീഴ്ചെക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും. |
20. | വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം! |
← Isaiah (32/66) → |