← Isaiah (24/66) → |
1. | യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും. |
2. | ജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും, യജമാനത്തിക്കും, കൊള്ളുന്നവന്നും വില്ക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും. |
3. | ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു. |
4. | ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; |
5. | ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രാമണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു. |
6. | അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കംപേർ മാത്രം ശേഷിച്ചിരിക്കുന്നു. |
7. | പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീർപ്പിടുന്നു. |
8. | തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു. |
9. | അവർ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവർക്കു അതു കൈപ്പായിരിക്കും. |
10. | ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു. |
11. | വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു. |
12. | പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽ തകർന്നു നാശമായി കിടക്കുന്നു. |
13. | ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീർന്നിട്ടു കാലാ പെറുക്കും പോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു. |
14. | അവർ ഉച്ചത്തിൽ ആർക്കും; യഹോവയുടെ മഹിമനിമിത്തം അവർ സമുദ്രത്തിൽനിന്നു ഉറക്കെ ആർക്കും. |
15. | അതുകൊണ്ടു നിങ്ങൾ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിൻ. |
16. | നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു. |
17. | ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു. |
18. | പേടി കേട്ടു ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. |
19. | ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു. |
20. | ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേൽക്കയുമില്ല. |
21. | അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദർശിക്കും. |
22. | കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടെക്കയും ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദർശിക്കയും ചെയ്യും. |
23. | സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രൻ നാണിക്കയും സൂര്യൻ ലജ്ജിക്കയും ചെയ്യും. |
← Isaiah (24/66) → |