← Isaiah (22/66) → |
1. | ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു? |
2. | അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല. |
3. | നിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു. |
4. | അതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു. |
5. | സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ. |
6. | ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർപരിചയുടെ ഉറനീക്കുകയും ചെയ്തു. |
7. | അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതിൽക്കൽ അണിനിരത്തും. |
8. | അവൻ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി, |
9. | ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, |
10. | യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു. |
11. | പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല. |
12. | അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും |
13. | രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു. |
14. | സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതു: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു. |
15. | സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു; |
16. | നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു. |
17. | എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും. |
18. | അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും. |
19. | ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും. |
20. | അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. |
21. | അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. |
22. | ഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല. |
23. | ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും. |
24. | അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും. |
25. | അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. |
← Isaiah (22/66) → |