Genesis (46/50)  

1. അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.
2. ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.
3. അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
4. ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.
5. പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
6. തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി.
7. അവൻ തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.
8. മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.
9. രൂബേന്റെ പുത്രന്മാർ: ഹാനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി.
10. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൌൽ.
11. ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി.
12. യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ:
13. ഹെസ്രോൻ, ഹാമൂൽ. യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.
14. സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ.
15. ഇവർ ലേയയുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേർ ആയിരുന്നു.
16. ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലീ.
17. ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ:
18. ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.
19. യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ:
20. യോസേഫ്, ബെന്യാമീൻ. യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.
21. ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
22. ഇവർ റാഹേൽ യാക്കോബിന്നു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ.
23. ദാന്റെ പുത്രന്മാർ ഹൂശീം.
24. നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം.
25. ഇവർ ലാബാൻ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബിൽഹയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.
26. യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ.
27. യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.
28. എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവൻ യെഹൂദയെ അവന്റെ അടുക്കൽ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്തു എത്തി.
29. യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
30. യിസ്രായേൽ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.
31. പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതു: ഞാൻ ചെന്നു ഫറവോനോടു: കനാൻദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അറിയിക്കും.
32. അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.
33. അതുകൊണ്ടു ഫറവോൻ നിങ്ങളെ വിളിച്ചു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിക്കുമ്പോൾ:
34. അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർപ്പാൻ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യർക്കു വെറുപ്പല്ലോ.

  Genesis (46/50)