Genesis (24/50)  

1. അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
2. തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക;
3. ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
4. എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
5. ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.
6. അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
7. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
8. എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.
9. അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻ കീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.
10. അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.
11. വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
12. എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.
13. ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു.
14. നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.
15. അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
16. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.
17. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
18. യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു.
19. അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,
20. പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
21. ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.
22. ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു:
23. നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
24. അവൾ അവനോടു: നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു.
25. ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു.
26. അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:
27. എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.
28. ബാല ഓടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.
29. റിബെക്കെക്കു ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.
30. അവൻ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നിൽക്കയായിരുന്നു.
31. അപ്പോൾ അവൻ: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.
32. അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു.
33. ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.
34. അപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ.
35. യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
36. എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.
37. ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
38. എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
39. ഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവൻ എന്നോടു:
40. ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
41. എന്റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.
42. ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ--
43. ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ, അവൾ എന്നോടു: കുടിക്ക,
44. ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
45. ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
46. അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
47. ഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.
48. ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
49. ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.
50. അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.
51. ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.
52. അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.
53. പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു.
54. അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
55. അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
56. അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
57. ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
58. അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
59. അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
60. അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
61. പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
62. എന്നാൽ യിസ്ഹാൿ ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു.
63. വൈകുന്നേരത്തു യിസ്ഹാൿ ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
64. റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
65. അവൾ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
66. താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
67. യിസ്ഹാൿ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടു പോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.

  Genesis (24/50)