← Ezekiel (39/48) → |
1. | നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. |
2. | ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും. |
3. | നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും. |
4. | നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും. |
5. | നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
6. | മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയും |
7. | ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും. |
8. | ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം. |
9. | യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ടു പരിച, പലക, വില്ലു, അമ്പു, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവർ അവയെക്കൊണ്ടു ഏഴു സംവത്സരം തീ കത്തിക്കും. |
10. | പറമ്പിൽനിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവർച്ച ചെയ്തവരെ കവർച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
11. | അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കർക്കു അതു വഴിമുടക്കമായ്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവർ അതിന്നു ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും. |
12. | യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും. |
13. | ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളിൽ അതു അവർക്കു കീർത്തിയായിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
14. | ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും. |
15. | ദേശത്തു ചുറ്റി സഞ്ചരിക്കുന്നവർ സഞ്ചരിക്കുമ്പോൾ അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിന്നരികെ ഒരു അടയാളം വെക്കും; അടക്കം ചെയ്യുന്നവർ അതു ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യും. |
16. | ഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും. |
17. | മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതു: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിന്നു ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുപ്പാൻ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിൻ. |
18. | നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ. |
19. | ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും. |
20. | ഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
21. | ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകല ജാതികളും കാണും. |
22. | അങ്ങനെ അന്നുമുതൽ മേലാൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും. |
23. | യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവർക്കു മറെച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും. |
24. | അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവണ്ണം ഞാൻ അവരോടു പ്രവർത്തിച്ചു എന്റെ മുഖം അവർക്കു മറെച്ചു. |
25. | അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷ്ണത കാണിക്കും. |
26. | ഞാൻ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിച്ചശേഷം |
27. | ആരും അവരെ ഭയപ്പെടുത്താതെ അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കുമ്പോൾ, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സർവ്വദ്രോഹങ്ങളും മറക്കും. |
28. | ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും. |
29. | ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കയാൽ ഇനി എന്റെ മുഖം അവർക്കു മറെക്കയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
← Ezekiel (39/48) → |