Ezekiel (31/48)  

1. പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2. മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതു: നിന്റെ മഹത്വത്തിൽ നീ ആർക്കു സമൻ?
3. അശ്ശൂർ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളർച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.
4. വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.
5. അതുകൊണ്ടു അതു വളർന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
6. അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു.
7. ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.
8. ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.
9. കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
10. അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളർന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളർച്ചയിങ്കൽ ഗർവ്വിച്ചുപോയതുകൊണ്ടു
11. ഞാൻ അതിനെ ജാതികളിൽ ബലവാനായവന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12. ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
13. വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവ ഒക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.
14. വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗർവ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയർച്ചയിങ്കൽ നിഗളിച്ചു നിൽക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.
15. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയ നാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന്നുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചു പോയി.
16. ഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു.
17. അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മദ്ധ്യേ പാർത്തവർ തന്നേ.
18. അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

  Ezekiel (31/48)