← Ezekiel (3/48) → |
1. | അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുൾ തിന്നിട്ടു ചെന്നു യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു. |
2. | ഞാൻ വായ്തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു: |
3. | മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അതു വായിൽ തേൻ പോലെ മധുരമായിരുന്നു. |
4. | പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക. |
5. | അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു; |
6. | അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്കു കേൾക്കുമായിരുന്നു. |
7. | യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ. |
8. | എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു. |
9. | ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു. |
10. | അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക. |
11. | നീ നിന്റെ ജനത്തിൻ പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്നു, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക. |
12. | അപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു. |
13. | ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാൻ കേട്ടു. |
14. | ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേൽ ഉണ്ടായിരുന്നു. |
15. | അങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു. |
16. | ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാൽ: |
17. | മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം. |
18. | ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. |
19. | എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. |
20. | അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വെക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർപ്പിക്കായ്കകൊണ്ടു അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. |
21. | എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഓർപ്പിച്ചിട്ടു അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു. |
22. | യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോടു: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു. |
23. | അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കെബാർ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു ഞാൻ കവിണ്ണുവീണു. |
24. | അപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാർക്ക. |
25. | എന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയിൽ പെരുമാറുവാൻ കഴിയാതവണ്ണം അവർ നിന്നെ കയറുകൊണ്ടു കെട്ടും. |
26. | നീ ഊമനായി അവർക്കു ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ. |
27. | ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായി തുറക്കും; നീ അവരോടു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമല്ലോ. |
← Ezekiel (3/48) → |