← Ezekiel (12/48) → |
1. | യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
2. | മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ പാർക്കുന്നു; കാണ്മാൻ കണ്ണുണ്ടെങ്കിലു അവർ കാണുന്നില്ല; കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമല്ലോ. |
3. | ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകൽസമയത്തു അവർ കാൺകെ പുറപ്പെടുക; അവർ കാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും. |
4. | യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്തു അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവർ കാൺകെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം. |
5. | അവർ കാൺകെ നീ മതിൽ കുത്തിത്തുരന്നു അതിൽകൂടി അതു പുറത്തു കൊണ്ടുപോകേണം. |
6. | അവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു. |
7. | എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവർ കാൺകെ തോളിൽ ചുമന്നു. |
8. | എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
9. | മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ? |
10. | ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും പാർക്കുന്ന യിസ്രായേൽ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക. |
11. | ഞാൻ നിങ്ങൾക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും. |
12. | അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും. |
13. | ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും. |
14. | അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും. |
15. | ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും. |
16. | എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും. |
17. | യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
18. | മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക. |
19. | ദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ചു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും. |
20. | ജനപുഷ്ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. |
21. | യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
22. | മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു? |
23. | അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഈ പഴഞ്ചൊല്ലു നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക. |
24. | യിസ്രായേൽ ഗൃഹത്തിൽ ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല. |
25. | യഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
26. | യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
27. | മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു. |
28. | അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
← Ezekiel (12/48) → |