← Ezekiel (11/48) → |
1. | അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതിൽക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു. |
2. | അവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു. |
3. | വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു. |
4. | അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു. |
5. | അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വിണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു. |
6. | നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു. |
7. | അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിക്കും. |
8. | നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാൻ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു. |
9. | ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യിൽ ഏല്പിച്ചു നിങ്ങളുടെ ഇടയിൽ ന്യായവിധിനടത്തും. |
10. | നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. |
11. | ഈ നഗരം നിങ്ങൾക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങൾ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു തന്നേ ഞാൻ നിങ്ങളെ ന്യായം വിധിക്കും. |
12. | എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും. |
13. | ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു: അപ്പോൾ ഞാൻ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു. |
14. | യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: |
15. | മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നതു. |
16. | അതുകൊണ്ടു നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്കു കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും. |
17. | ആകയാൽ നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും. |
18. | അവർ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും. |
19. | അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും. |
20. | അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. |
21. | എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവർക്കു ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. |
22. | അനന്തരം കെരൂബുകൾ ചിറകു വിടർത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു. |
23. | യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു. |
24. | എന്നാൽ ആത്മാവു എന്നെ എടുത്തു, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടു വന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി. |
25. | ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു. |
← Ezekiel (11/48) → |