Exodus (22/40)  

1. ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ അവൻ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം.
2. കള്ളൻ വീടു മുറിക്കുമ്പോൾ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല.
3. എന്നാൽ അതു നേരം വെളുത്തശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ടു. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വിൽക്കേണം.
4. മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.
5. ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.
6. തീ വീണു കാടു കത്തീട്ടു കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കേണം.
7. ഒരുത്തൻ കൂട്ടകാരന്റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു അവന്റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവൻ ഇരട്ടിപകരം കൊടുക്കേണം.
8. കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തുവിന്മേൽ കൈ വെച്ചിട്ടുണ്ടോ എന്നു അറിവാൻ അവനെ ദൈവ സന്നിധിയിൽ കൊണ്ടുപോകേണം.
9. കാണാതെപോയ കാള, കഴുത, ആടു, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ചു ഇതു എനിക്കുള്ളതു എന്നു ഒരുവൻ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപാട്ടുകാരുടെയും കാര്യം ദൈവസന്നിധിയിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവൻ കൂട്ടുകാരന്നു ഇരട്ടി പകരം കൊടുക്കേണം.
10. ഒരുത്തൻ കൂട്ടുകാരന്റെ പക്കൽ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താൽ
11. കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ.
12. എന്നാൽ അതു അവന്റെ പക്കൽ നിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.
13. അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവൻ പകരം കൊടുക്കേണ്ടാ.
14. ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം.
15. ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.
16. വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടു കൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.
17. അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.
18. ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു.
19. മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.
20. യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.
21. പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ.
22. വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു.
23. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;
24. എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായി തീരും.
25. എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു.
26. നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം.
27. അതുമാത്രമല്ലോ അവന്റെ പുതപ്പു; അതുമാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
28. നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു.
29. നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിപ്പാൻ താമസിക്കരുതു; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം.
30. നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.
31. നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങൾ അതിനെ നായ്ക്കൾക്കു ഇട്ടുകളയേണം.

  Exodus (22/40)