Exodus (15/40)  

1. മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
2. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.
3. യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.
4. ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.
5. ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
6. യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
7. നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
8. നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറെച്ചുപോയി.
9. ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.
10. നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.
11. യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?
12. നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
13. നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
14. ജാതികൾ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിച്ചിരിക്കുന്നു.
15. എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു.
16. ഭയവും ഭീതിയും അവരുടെമേൽ വീണു, നിൻഭുജമാഹാത്മ്യത്താൽ അവർ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.
17. നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
18. യഹോവ എന്നും എന്നേക്കും രാജാവായി വാഴും.
19. എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു പോന്നു.
20. അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
21. മിർയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
22. അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
23. മാറയിൽ എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു.
24. അപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു.
25. അവൻ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവെച്ചു അവൻ അവർക്കു ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവൻ അവരെ പരീക്ഷിച്ചു:
26. നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.
27. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.

  Exodus (15/40)