Deuteronomy (16/34)  

1. ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവെക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതു.
2. യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവെക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.
3. നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഓർക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.
4. ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുതു.
5. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവെച്ചു പെസഹയെ അറുത്തുകൂടാ.
6. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം.
7. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.
8. ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവെക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു.
9. പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചവട്ടം എണ്ണേണം.
10. എന്നിട്ടു നിന്റെ ദൈവമായ യഹോവെക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന്നു അർപ്പിക്കേണം.
11. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.
12. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നു ഓർത്തു ഈ ചട്ടങ്ങൾ പ്രമാണിച്ചു നടക്കേണം.
13. കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുനാൾ ആചരിക്കേണം.
14. ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.
15. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവെക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.
16. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.
17. നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.
18. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
19. ന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കര്യം മറിച്ചുകളകയും ചെയ്യുന്നു.
20. നീ ജീവിച്ചിരുന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നീതിയെ തന്നേ പിന്തുടരേണം.
21. നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുതു.
22. നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുതു.

  Deuteronomy (16/34)