2Kings (18/25)  

1. യിസ്രയേൽരാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകൻ ഹിസ്കീയാവു രാജാവായി.
2. അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേർ; അവൾ സെഖർയ്യാവിന്റെ മകൾ ആയിരുന്നു.
3. അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
4. അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു.
5. അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.
6. അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.
7. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർത്ഥനായ്‍വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.
8. അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവൽക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
9. യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.
10. മൂന്നു സംവത്സരം കഴിഞ്ഞശേഷം അവർ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നേ, ശമർയ്യ പിടിക്കപ്പെട്ടു.
11. അശ്ശൂർരാജാവു യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
12. അവർ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാൽ തന്നേ; അവർ അതു കേൾക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
13. യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
14. അപ്പോൾ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുക്കൽ ആളയച്ചു: ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാൻ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂർരാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.
15. ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.
16. ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താൻ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂർരാജാവിന്നു കൊടുത്തയച്ചു.
17. എങ്കിലും അശ്ശൂർ രാജാവു തർത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്നു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവർ പുറപ്പെട്ടു യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോൾ അവർ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.
18. അവർ രാജാവിനെ വിളിച്ചപ്പോൾ ഹിൽക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു.
19. റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടതു: മഹാരാജാവായ അശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
20. യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?
21. ചതെഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേൽ ഒരുത്തൻ ഊന്നിയാൽ അതു അവന്റെ ഉള്ളംകയ്യിൽ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നേയാകുന്നു.
22. അല്ല, നിങ്ങൾ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചതു.
23. ആകട്ടെ എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാൻ കഴിയുമെങ്കിൽ ഞാൻ നിനക്കു രണ്ടായിരം കുതിരയെ തരാം.
24. നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പട നായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.
25. ഞാൻ ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
26. അപ്പോൾ ഹിൽക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.
27. റബ്-ശാക്കേ അവരോടു: നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്ത മലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.
28. അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്കു കേൾപ്പിൻ.
29. രാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്റെ കയ്യിൽ നിന്നു വിടുവിപ്പാൻ അവന്നു കഴികയില്ല.
30. യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.
31. ഹിസ്കീയാവിന്നു നിങ്ങൾ ചെവികൊടുക്കരുതു; അശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നിങ്ങൾ എന്നോടു സന്ധി ചെയ്തു എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ.
32. പിന്നെ ഞാൻ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വിഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു.
33. ജാതികളുടെ ദേവന്മാർ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
34. ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാർ എവിടെ? ശമർയ്യയെ അവർ എന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
35. യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകലദേവന്മാരിലും വെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽ നിന്നു വിടുവിച്ചുവോ?
36. എന്നാൽ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.
37. ഹിൽക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.

  2Kings (18/25)