← 2Corinthians (10/13) → |
1. | നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവൻ എന്നുമുള്ള പൌലൊസായ ഞാൻ ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു. |
2. | ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു. |
3. | ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. |
4. | ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. |
5. | അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, |
6. | നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു. |
7. | താൻ ക്രിസ്തുവിന്നുള്ളവൻ എന്നു ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിന്നുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും നിരൂപിക്കട്ടെ. |
8. | നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. |
9. | ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു. |
10. | അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ. |
11. | അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ. |
12. | തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. |
13. | ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു. |
14. | ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ. |
15. | ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും |
16. | മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു. |
17. | പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ. |
← 2Corinthians (10/13) → |