← 2Chronicles (33/36) → |
1. | മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. |
2. | യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളെപ്പോലെ അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. |
3. | അവൻ തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാൽവിഗ്രഹങ്ങൾക്കു ബലിപീഠങ്ങളെ തീർത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു. |
4. | യെരൂശലേമിൽ എന്റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു; |
5. | യഹോവയുടെ ആലയത്തിന്റെ പ്രാകാരം രണ്ടിലും അവൻ ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങൾ പണിതു. |
6. | അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുർത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു. |
7. | താൻ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും |
8. | ഞാൻ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാൻ അവർ സൂക്ഷിക്കുമെങ്കിൽ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാൽ ഞാൻ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു. |
9. | അങ്ങനെ മനശ്ശെ യഹോവ യിസ്രായേൽ പുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി. |
10. | യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല. |
11. | ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി. |
12. | കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു. |
13. | അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി. |
14. | അതിന്റെശേഷം അവൻ ഗീഹോന്നു പടിഞ്ഞാറു താഴ്വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതിൽ പണിതു; അവൻ അതു ഓഫേലിന്നു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു. |
15. | അവൻ യഹോവയുടെ ആലയത്തിൽനിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു. |
16. | അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു. |
17. | എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ. |
18. | മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോടു കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. |
19. | അവന്റെ പ്രാർത്ഥനയും ദൈവം അവന്റെ പ്രാർത്ഥന കേട്ടതും അവൻ തന്നെത്താൻ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു. |
20. | മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി. |
21. | ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. |
22. | അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതു പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ചു അവയെ സേവിച്ചു. |
23. | തന്റെ അപ്പനായ മനശ്ശെ തന്നെത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നെത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു. |
24. | അവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു. |
25. | എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി. |
← 2Chronicles (33/36) → |