2Chronicles (18/36)  

1. യെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവൻ ആഹാബിനോടു സംബന്ധം കൂടി.
2. ചില സംവത്സരം കഴിഞ്ഞശേഷം അവൻ ശമർയ്യയിൽ ആഹാബിന്റെ അടുക്കൽ ചെന്നു; ആഹാബ് അവന്നും കൂടെയുണ്ടായിരുന്ന ജനത്തിന്നും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു അവനെ വശീകരിച്ചു.
3. യിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവൻ അവനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു.
4. യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.
5. യിസ്രായേൽരാജാവു നാനൂറു പ്രവാചകന്മാരെ വരുത്തി അവരോടു: ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ: പുറപ്പെടുക; ദൈവം അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
6. എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
7. അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി ഒരുത്തനുണ്ടു; എന്നാൽ അവൻ എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല; അവൻ യിമ്ളയുടെ മകനായ മീഖായാവു എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
8. അങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു: യിമ്ളയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
9. യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമർയ്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.
10. കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കി: നീ ഇവകൊണ്ടു അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
11. പ്രവാചകന്മാർ ഒക്കെയും അങ്ങനെ തന്നേ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
12. മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോക്കു, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
13. അതിന്നു മീഖായാവു: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.
14. അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; അവർ നിങ്ങളുടെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
15. രാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യംചെയ്തു പറയേണം എന്നു ചോദിച്ചു.
16. അതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
17. അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
18. അതിന്നു അവൻ പറഞ്ഞതു: എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
19. യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന്നു അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
20. എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോടു: ഏതിനാൽ എന്നു ചോദിച്ചു.
21. അതിന്നു അവൻ: ഞാൻ ചെന്നു അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു.
22. ആകയൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു.
23. അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവെ ചെകിട്ടത്തു അടിച്ചു: നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
24. അതിന്നു മീഖായാവു: നീ ഒളിക്കേണ്ടതിന്നു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.
25. അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: നിങ്ങൾ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു:
26. ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിൻ.
27. അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.
28. അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
29. എന്നാൽ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വേഷംമാറി, അവർ പടയിൽ കടന്നു.
30. എന്നാൽ അരാംരാജാവു തന്റെ രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
31. ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ; ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാൻ ദൈവം അവർക്കു തോന്നിച്ചു.
32. അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.
33. എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
34. അന്നു പട കഠിനമായി തീർന്നതുകൊണ്ടു യിസ്രായേൽരാജാവു സന്ധ്യവരെ അരാമ്യർക്കെതിരെ രഥത്തിൽ നിവിർന്നുനിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്തു അവൻ മരിച്ചുപോയി.

  2Chronicles (18/36)