2Chronicles (17/36)  

1. അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവൻ യിസ്രായേലിന്നെതിരെ പ്രബലനായ്തീർന്നു.
2. അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.
3. യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ
4. തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു
5. യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
6. അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു.
7. അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ടു ബെൻ-ഹയീൽ, ഓബദ്യാവു, സെഖർയ്യാവു, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
8. അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.
9. അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.
10. യഹോവയിങ്കൽനിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.
11. ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു.
12. യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായ്തീർന്നു, യെഹൂദയിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.
13. അവന്നു യെഹൂദാനഗരങ്ങളിൽ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു.
14. പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതു: യെഹൂദയുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ;
15. അവന്റെശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേർ;
16. അവന്റെ ശേഷം തന്നെത്താൻ മനഃപൂർവ്വമായി യഹോവെക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികൾ;
17. ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേർ;
18. അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേർ.
19. രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവർ ഇവർ തന്നേ.

  2Chronicles (17/36)