← 1Corinthians (14/16) → |
1. | സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ. |
2. | അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. |
3. | പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു. |
4. | അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു. |
5. | നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ. |
6. | സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും? |
7. | കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും? |
8. | കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും? |
9. | അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ. |
10. | ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. |
11. | ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. |
12. | അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. |
13. | അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ. |
14. | ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. |
15. | ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. |
16. | അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? |
17. | നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. |
18. | നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. |
19. | എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. |
20. | സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. |
21. | “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. |
22. | അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ. |
23. | സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? |
24. | എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. |
25. | അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും. |
26. | ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ. |
27. | അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. |
28. | വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. |
29. | പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ. |
30. | ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. |
31. | എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ. |
32. | പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു. |
33. | ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ. |
34. | വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല. |
35. | അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ. |
36. | ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു? |
37. | താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. |
38. | ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ. |
39. | അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ. |
← 1Corinthians (14/16) → |