← 1Chronicles (18/29) → |
1. | അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽ നിന്നു പിടിച്ചു. |
2. | പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു. |
3. | സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചുകളഞ്ഞു. |
4. | അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടു ശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു. |
5. | സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു. |
6. | പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ചകൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി. |
7. | ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു. |
8. | ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി. |
9. | എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്‌രാജാവായ തോവൂ കേട്ടപ്പോൾ |
10. | അവൻ ദാവീദ്‍രാജാവിനോടു കുശലും ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു. |
11. | ദാവീദ്‍രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേൿ മുതലായ സകലജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു. |
12. | സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു. |
13. | ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി. |
14. | ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു. |
15. | സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും |
16. | അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും |
17. | യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യർക്കും പ്ലേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു. |
← 1Chronicles (18/29) → |